Post Reply 
 
Thread Rating:
  • 0 Votes - 0 Average
  • 1
  • 2
  • 3
  • 4
  • 5
എം കൃഷ്ണന്‍ നായരുടെ സാഹിത്യവാരഫലം
Author Message
Manzoor Ahamed Offline
Post: #16 
Tue May 26 10:49 pm
Quote this message in a reply
Administrator

Posts: 5,660
Joined: May 2009
*******

സാന്നിദ്ധ്യം
കണ്ടെത്തുമ്പോൾ ചങ്ങമ്പുഴയുടെ അഭിപ്രായത്തോടായിരിക്കാം വായനക്കാർ യോജിക്കുക. എനിക്കതിൽ വൈഷമ്യവുമില്ല. പ്രതിഭാശാലി പറയുന്നതാവും ശരി. ഇത് മറ്റൊരു ചിന്തയിലേക്ക് എന്നെ നയിക്കുന്നു. എന്നെ കോളേജിൽ രണ്ടുപേർ ഫിസിക്സ് പഠിപ്പിച്ചിരുന്നു. ഒരാൾ പുരുഷൻ; രണ്ടാമത്തെയാൾ സ്ത്രീ. പുരുഷൻ ബ്രാഹ്മണനാണ്. പാളത്താറ്, നീണ്ട ‘ഷട്ട്കോട്ട്’, തല മുഴുവൻ മുണ്ഡനം ചെയ്ത് മൂന്നോ നാലോ രോമങ്ങൾ ബാക്കി വച്ചിരിക്കുന്നു. വൈരൂപ്യത്തിനൊരാസ്പദമാണ് ഗുരുനാഥൻ. പക്ഷേ, അദ്ദേഹം പഠിപ്പിക്കാൻ തുടങ്ങിയാൽ കുട്ടികൾ അനങ്ങാതെ ഇരുന്നു പോകും. അത്രയ്ക്ക് പ്രാഗൽഭ്യമുണ്ട് അദ്ദേഹത്തിന്. സാറ് അന്ന് ‘പൊട്ടൻഷ്യൽ എനർജി’യെക്കുറിച്ച് പറഞ്ഞത് ഇന്നും എനിക്കോർമ്മയുണ്ട്. “Potential energy is the energy that a body possesses by virtue of it’s position. A stone on the edge of a cliff has potential energy…” അദ്ധ്യാപിക സുന്ദരി, അതിസുന്ദരി. പഠിപ്പിക്കാൻ അറിഞ്ഞുകൂടാ. തെറ്റു പറഞ്ഞിട്ട് കൂടക്കൂടെ Confusing science എന്നു പറയും. എങ്കിലും ആർക്കും പരാതിയില്ല. അവരുടെ ഭംഗിയുള്ള മുഖവും മറ്റു ശരീരഭാഗങ്ങളും കുട്ടികൾ നോക്കിയിരിക്കും. മുടിയും വിലകൂടിയ സാരിയും കാറ്റിൽ പറക്കുന്നത് പലർക്കും രോമാഞ്ചമുളവാക്കിയിരുന്നു. ഒരിക്കൽ സ്പെക്ട്രോസ്കോപ്പിനെക്കുറിച്ച് പഠിപ്പിക്കാൻ അവർ ഒന്നു കുനിഞ്ഞപ്പോൾ സാരി മാറിൽനിന്നു മാറിപ്പോയി. വെടിയുണ്ട പോലെ മുലക്കണ്ണുകൾ സിൽക്ക് ബ്ലൗസിൽ നിന്നു തെറിച്ച് ഞങ്ങളുടെ കണ്ണുകളിൽ വന്നു തറച്ചു. അദ്ധ്യാപകന്റെ കഴിവ് ഞങ്ങളറിഞ്ഞിരുന്നത് അദ്ദേഹത്തിന്റെ വാക്കുകളിലൂടെ. അദ്ധ്യാപികയുടെ സാന്നിദ്ധ്യം ഞങ്ങൾ അംഗീകരിച്ചിരുന്നത് അവരുടെ സൗന്ദര്യത്തിലൂടെ.

ഇവിടെ ഒരു സംശയം. ഭാര്യ സുന്ദരിയാണെങ്കിൽ അവളുടെ സാന്നിദ്ധ്യം ഭർത്താവ് അംഗീകരിക്കുമോ? അംഗീകരിക്കുമെന്നാണ് മുഹമ്മദ് റോഷൻ “അടർന്നു പോയ ഒരു ദിവസം” എന്ന കഥയിലൂടെ പ്രഖ്യാപിക്കുന്നത് (കുമാരി വാരിക). വീട്ടിലായിരുന്ന ഭാര്യ ഭർത്താവിന്റെ ജോലിസ്ഥലത്ത് എത്തുമെന്ന് അയാൾ കരുതിയ ദിനം. ആകെക്കൂടി അയാൾക്ക് ഇളക്കം. തീവണ്ടി വരാറായി. പക്ഷേ, അവൾ വന്നില്ല. കാരണമെന്തെന്നോ? വരാൻ അയാൾ എഴുതി അയച്ചില്ല എന്നതുതന്നെ. ഭാര്യയുടെ സാന്നിദ്ധ്യം അംഗീകരിക്കാൻ സന്നദ്ധനായിരുന്ന ഭർത്താവിന് മറവി പറ്റിപ്പോയിപോലും. കൊച്ചുകുട്ടികളെപ്പോലും ബാലിശമായ ഇക്കഥകൊണ്ട് പറ്റിക്കാനാവില്ല. എന്റെ ഫിസിക്സ് സാറിനെപ്പോലെ മുഹമ്മദ് റോഷൻ കഴിവുകൊണ്ട് സ്വന്തം സാന്നിദ്ധ്യം ഞങ്ങളെ അറിയിക്കണം അല്ലെങ്കിൽ ഞാങ്ങളെക്കൊണ്ട് അനുഭവിപ്പിക്കണം. ഇന്നത്തെ നിലയിൽ വാദ്ധ്യാരുമില്ല, വാദ്ധ്യായനിയുമില്ല. വ്യർത്ഥരചനകൾകൊണ്ട് എന്തെല്ലാം വ്യർത്ഥവ്യയങ്ങളാണ് ഉണ്ടാവുക!

#mkrishnannair

“Where words fail, music speaks.”
― Hans Christian Andersen
Manzoor Ahamed Offline
Post: #17 
Tue May 26 10:58 pm
Quote this message in a reply
Administrator

Posts: 5,660
Joined: May 2009
*******

ഇംഗ്ലീഷ് നോവലെഴുത്തുകാരി ജേൻ ഓസ്റ്റിന്റെ ഒരു നോവലിന്റെ പുറത്ത് ജർമ്മൻ നോവലിസ്റ്റ് റ്റോമാസ് മാന്റെ ഒരു നോവലെടുത്തു വച്ച ലൈബ്രറി ജോലിക്കാരിയെ വനിതാ കോളേജിലെ സ്ത്രീ പ്രിൻസിപ്പൽ ശാസിച്ചതായി ഞാൻ കേട്ടിട്ടുണ്ട്. അവിവാഹിതയായ പ്രിൻസിപ്പലിന് അക്കാഴ്ച സഹിക്കാൻ വയ്യാത്തതായിരുന്നു. അമേരിക്കൻ സദാചാരത്തിന്റെ സംരക്ഷകനായി ഭാവിച്ച ആന്തണി കോംസ്റ്റോക്ക് 100 ടൺ അശ്ലീല സാഹിത്യം തീയിലിട്ടുകരിച്ചു കളഞ്ഞു. അശ്ലീലം കണ്ടുപിടിച്ച് നശിപ്പിക്കാനായി അദ്ദേഹം 190,098 നാഴിക സഞ്ചരിച്ചു. അതിരു കടന്ന അശ്ലീലവിരോധം അതിരു കടന്ന കാമാസക്തിയുടെ മറുപുറമാണ്.

#mkrishnannair

“Where words fail, music speaks.”
― Hans Christian Andersen
Manzoor Ahamed Offline
Post: #18 
Tue May 26 10:59 pm
Quote this message in a reply
Administrator

Posts: 5,660
Joined: May 2009
*******

സി.പി. നായർ
വ്യർത്ഥവ്യയം നടത്താത്ത ഹാസ്യസാഹിത്യകാരനാണ് സി.പി. നായർ. കാരൂർ നീലകണ്ഠപ്പിള്ള സാഹിത്യപ്രവർത്തകസംഘത്തിന്റെ പ്രസിഡന്റായിരുന്ന കാലത്ത് സംഘം പ്രസാധനം ചെയ്യുന്ന ഏതു പുസ്തകവും വിശ്വസിച്ചു വാങ്ങാമായിരുന്നു. എന്തെങ്കിലും ഒരു സാഹിത്യഗുണം അതിനു കാണുമായിരുന്നു. ഒരു കാലത്ത് ഏതു പെൻഗ്വിൻ പുസ്തകവും വിശ്വാസത്തോടെ മേടിക്കാമായിരുന്നു. അതല്ല ഇന്നത്തെ അവസ്ഥ. പലതും ട്രാഷാണ്. വിശ്വസിച്ചു വിശ്വസിച്ച് അത് സത്യമായിത്തീരുമ്പോൾ മനസ്സിനു സമാധാനമുണ്ടാകും. എപ്പോൾ ആ വിശ്വാസം ഭഞ്ജിക്കപ്പെടുന്നുവോ അപ്പോൾ അസ്വസ്ഥത വന്നുചേരും. ഇപ്പോൾ സാഹിത്യപ്രവർത്തക സംഘത്തിന്റെയും പെൻഗ്വിൻ പ്രസാധകരുടെയും പുസ്തകങ്ങൾ കാണുമ്പോൾ എനിക്ക് അസ്വസ്ഥതയാണ്. ഇരുപത്തഞ്ചു രൂപയിൽ കുറഞ്ഞ എൻ.ബി.എസ്. മലയാളപുസ്തകം വിരളം. രണ്ടു പവൻ അമ്പതു പെൻസിൽ (ഏതാണ്ട് നാല്പത്തഞ്ചു രൂപ) കുറഞ്ഞ പെൻഗ്വിൻ പുസ്തകം വിരളം. കഷ്ടപ്പെട്ടുണ്ടാക്കുന്ന പണം, അരി വാങ്ങാനുള്ള പണം ഈ പുസ്തകങ്ങൾക്കു വേണ്ടി ചെലവാക്കാൻ പേടിയാണെനിക്ക്. ഗ്രന്ഥം വാങ്ങുന്നതിലുള്ള ഈ വിശ്വാസം സാഹിത്യരചനകളിലേക്ക് സംക്രമിക്കാം. ഇ.വി. കൃഷ്ണപ്പിള്ളയുടെ ഏതു ഹാസ്യകഥ വേണമെങ്കിലും വായിക്കൂ. നമ്മൾ ചിരിക്കും. സമയം വെറുതെ കളഞ്ഞല്ലോ എന്ന് ഒരിക്കലും ദു:ഖിക്കേണ്ടി വരില്ല. അതല്ല സഞ്ജയന്റെ രചനകളെസ്സംബന്ധിച്ച അവസ്ഥ. സി.പി. നായരുടെ പല ഹാസ്യകഥകളും ഞാൻ വായിച്ചിട്ടുണ്ട്. ഒരിക്കലും അദ്ദേഹം എന്നെ നിരാശപ്പെടുത്തിയിട്ടില്ല. കടക്കണ്ണിൽ നർമ്മത്തിന്റെ തിളക്കത്തോടുകൂടി ജീവിതത്തെ വീക്ഷിക്കുന്നു സി.പി. നായർ. അദ്ദേഹത്തിന്റെ ആ വീക്ഷണം നമ്മുടെ ചുണ്ടുകളിൽ മന്ദഹാസം അങ്കുരിപ്പിക്കുന്നു. കലാകൗമുദിയിൽ അദ്ദേഹമെഴുതിയ “ലേഖയെ കണ്ടെത്തൽ, ഒരു ഫ്ലാഷ്ബാക്ക്” എന്ന കഥയും ഈ സാമാന്യ നിയമത്തിനുള്ളിൽ ഒതുങ്ങി നിൽക്കുന്നു. വിമാനത്തിൽ കയറാൻ ചെന്ന കഥാകാരന് പല പ്രയാസങ്ങളും നേരിടേണ്ടിവന്നു. ഒടുവിൽ ഒരുദ്യോഗസ്ഥൻ ലേഖാപാലിനെ കാണാൻ ആവശ്യപ്പെടുന്നു. അതിസുന്ദരിയായ ലേഖാപാലിനെ മനസ്സിൽ കണ്ണുകൊണ്ട് കണ്ടുകൊണ്ട് ചെന്നപ്പോൾ അവളുടെ കസേരയിലിരിക്കുന്നു വിരൂപനായ ഒരു തമിഴൻ. കാര്യം പിന്നീടാണ് പിടികിട്ടിയത്. അക്കൗണ്ട്സ് ഓഫീസർ എന്നതിന്റെ തർജ്ജമയാണ് ലേഖാപാൽ. കഥാകാരൻ ചിരിക്കുന്നു വായനക്കാരായ നമ്മളും ചിരിക്കുന്നു.

പേരുകേട്ട ഒരു വാരികയുടെ അസിസ്റ്റന്റ് എഡിറ്ററായിരുന്നു എന്റെ ഒരു സ്നേഹിതൻ. അദ്ദേഹം, കുമാരി ലളിത (പേരു മാറ്റി എഴുതുകയാണ് ഞാൻ) എഴുതിയ ഏതു പീറക്കഥയും പ്രസിദ്ധപ്പെടുത്തുമായിരുന്നു. കാരണം കഥയോടൊരുമിച്ച് ലളിതയുടെ പ്രേമം കലർന്ന ഒരെഴുത്തും കാണും എന്നതു തന്നെ. കഥകൾ പരസ്യപ്പെടുത്തുന്തോറും കത്തുകളിലെ പ്രേമവും കൂടിക്കൂടിവന്നു. അസിസ്റ്റന്റ് എഡിറ്റർ പരവശനായി. ഒരു ദിവസം കാമുകിയെക്കാണാൻ ഷഷ്ടിപൂർത്തിയോട് അടുത്ത അദ്ദേഹം തീരുമാനിച്ചു. കോട്ടയത്തു ചെന്നിട്ട് മുപ്പതു നാഴികയോളം കിഴക്കോട്ടു യാത്ര ചെയ്തു. ഒരു കുഗ്രാമം. ആരോ വീടു പറഞ്ഞു കൊടുത്തു. വീട്ടിനടുത്തെത്തി. അവിടെ ഒരുത്തൻ അർദ്ധനഗ്നനായി നിന്ന് തൂമ്പ കൊണ്ട് തെങ്ങിനു തടമെടുക്കുന്നു. വിരിഞ്ഞ മാറ്, കപ്പടാമീശ. നല്ല പൊക്കം. അയാളോട് അസിസ്റ്റന്റ് എഡിറ്റർ ചോദിച്ചു: “കുമാരി ലളിതയുടെ വീട് ഇതാണോ?” തൂമ്പധരൻ (സി.വി. രാമൻ പിള്ളയുടെ വെട്ടുകത്തിധരൻ എന്ന പ്രയോഗം ഓർമ്മിക്കുക) മീശ പിരിച്ചുകൊണ്ട് സംഹാരരുദ്രന്റെ മട്ടിൽ പറഞ്ഞു: “ഓഹോ ലളിതയെ കാണാൻ വന്നിരിക്കുകയാണ് അല്ലേ. തന്റെ പ്രേമലേഖനവും ലളിതയ്ക്ക് കിട്ടി. എന്നാലേ ഞാൻ തന്നെയാണ് ലളിത.” കഥകൾ പരസ്യപ്പെടുത്തിക്കിട്ടാൻ വേണ്ടി ആ ഘടോൽകചൻ ലളിതയായി വേഷം കെട്ടിയതാണെന്ന് പാവം പത്രാധിപർ അപ്പോഴാണ് മനസ്സിലാക്കിയത്. അദ്ദേഹം അവിടെ നിന്ന് എങ്ങനെ രക്ഷപ്പെട്ടുവെന്ന് എനിക്കറിഞ്ഞുകൂടാ. കപ്പടാമീശക്കാരൻ വിരട്ടിയതു മാത്രമേ പത്രാധിപർ എന്നോട് പറഞ്ഞുള്ളൂ. ഈ സംഭവത്തിനുശേഷം കുമാരി ലളിത ആ വാരികയിൽ കഥകളെഴുതിയിട്ടില്ല. അസിസ്റ്റന്റ് എഡിറ്റർ വളരെക്കാലം അവിടെ അസിസ്റ്റന്റ് എഡിറ്ററായി ഇരുന്നതുമില്ല.

യൂറോപ്പിലെ ഒരു സാഹിത്യനായകനാണ് മിലാൻ കുന്ദേര. അദ്ദേഹത്തിന്റെ മാസ്റ്റർപീസാണ് The Book of Laughter and Forgetting എന്ന നോവൽ. നോവലിന്റെ ഒടുവിൽ അമേരിക്കൻ സാഹിത്യകാരനായ ഫിലിപ്പ് റോത്ത് കുന്ദേരയുമായി നടത്തിയ സംഭാഷണത്തിന്റെ റിപ്പോർട്ടുണ്ട്. അതിൽ കുന്ദേര പറയുന്നു: A sense of humor was a trustworthy sign of recognition. Ever since, I have been terrified by a world that is losing it sense of humor.

#mkrishnannair

“Where words fail, music speaks.”
― Hans Christian Andersen
Manzoor Ahamed Offline
Post: #19 
Tue May 26 11:10 pm
Quote this message in a reply
Administrator

Posts: 5,660
Joined: May 2009
*******

ആലപ്പുഴ തോണ്ടന്‍കുളങ്ങര അമ്പലത്തിൽനിന്നു നേരെ തെക്കോട്ടുപോയാൽ തത്തംപള്ളി എന്ന സ്ഥലത്തെത്തും. ഞാൻ അവിടെ കുറെക്കാലം താമസിച്ചിരുന്നു. കൂട്ടിന് അച്ഛന്റെ ഒരകന്ന ബന്ധുവായ വൃദ്ധനുമുണ്ട്. അദ്ദേഹത്തിന്റെ രൂപം എന്റെ അകക്കണ്ണിന്റെ മുൻപിൽ ഇപ്പോഴുമുണ്ട്. തലയോടിന്റെ മുക്കാൽഭാഗവും ‘ബ്രഹ്മക്ഷൗരം’. കുടിച്ച് കുടിച്ച് ചോര നിറമാർന്ന ഉണ്ടക്കണ്ണുകൾ. ഓരോ വരിപ്പല്ലിന്റെയും പകുതിയോളം നഷ്ടപ്പെട്ടിരിക്കുന്നു. മുറുക്കിച്ചുവപ്പിച്ച തടിച്ച കീഴ്ചുണ്ട്. വേഷമാണെങ്കിൽ അതും ബഹുകേമം. ബനിയനില്ല. ഷർട്ടില്ല. തുകൽപ്പാടുകൾ കൊണ്ട് അലംകൃതമായ വെയ്സ്കട്ട് മാത്രം. മുഷിഞ്ഞു നാറുന്ന ഒരു T73 മൽമൽ മുണ്ട് ഏങ്കോണിച്ച് ഉടുത്തിരിക്കും. വീട്ടിന്റെ വരാന്തയിലുള്ള ചാരുകസേരയിൽ ആ മനുഷ്യൻ കൈ രണ്ടും മേൽപ്പോട്ടാക്കി വച്ച് ഭുജകോടരങ്ങളിലെ കൊടുങ്കാട് കാണിച്ചുകൊണ്ട് കിടക്കും. ജോലിക്കാരനുണ്ടെങ്കിലും കാപ്പി ഞാൻ തന്നെ കൊണ്ടുകൊടുക്കണമെന്നാണ് അമ്മാമന്റെ ആജ്ഞ. ‘കൃഷ്ണാ കാപ്പിയെവിടേടാ’ എന്നു ചോദിക്കുമ്പോൾ വിറച്ചു കൊണ്ടു ഞാൻ കാപ്പി കൊണ്ടു കൊടുക്കും. കൈനീട്ടി അതു വാങ്ങുന്നത് അമ്മാവനല്ല, ദേഷ്യമാണ്. കാപ്പി വൈകിപ്പോയതുകൊണ്ട് വട്ടിയൂർക്കാവുകാരനായ അമ്മാവൻ അപ്രത്യക്ഷനായിരിക്കുന്നു. ചാരുകസേരയിൽ കിടക്കുന്ന രൂപം ദേഷ്യം മാത്രമാണ്. കോപം അദ്ദേഹത്തിന്റെ സ്ഥായിഭാവമായതുകൊണ്ട് ഞാനൊരിക്കലും അമ്മാമനെ കണ്ടിട്ടില്ല. എന്നാൽ ചിലപ്പോൾ കാണുകയും ചെയ്യും. അത് മുല്ലയ്ക്കൽ ക്ഷേത്രത്തിനടുത്തുള്ള ചില ബന്ധുഭവനങ്ങളിൽ പോകുമ്പോഴാണ്. വഴിവക്കിലുള്ള ചാരായഷാപ്പിൽ നിന്ന് ചാരായം മോന്തി ചുരുട്ടും വലിച്ചുകൊണ്ട് അമ്മാമൻ ആദ്യത്തെ വീട്ടിലെത്തുമ്പോൾ ഗൃഹനായിക പറഞ്ഞെന്നുവരും: “മോള് ഗൗരിക്കുട്ടിക്കു പനിയാണ്”. ഉടനെ: “ആങ്ഹാ പനിയോ? എവിടെ കിടക്കുന്നു അവൾ?” എന്നു ചോദിച്ചുകൊണ്ട് അകത്തേക്ക് വേച്ചുവേച്ചു പോകും. പനിയുണ്ടോ എന്നു തൊട്ടുനോക്കാതറിയുന്നതെങ്ങനെ? പക്ഷേ, നെറ്റിയിലല്ല കീചകൻ തൊടുന്നത്. ദൗഹിത്രിയുടെ പ്രായമുള്ള ഗൗരിക്കുട്ടിയുടെ ബ്ലൗസിന്റെ അകത്തേക്കു കൈകടത്തി വളരെനേരം പനിനോക്കും. തെർമോമീറ്ററിലെ മെർകുറി ഉയരണമെങ്കിലും സമയം വേണ്ടേ? അതുകൊണ്ട് അമ്മാമന്റെ ദീർഘതയാർന്ന പരിശോധനയിൽ കുറ്റം പറയാനാവില്ല. ആ സമയത്താണ് ഞാൻ അമ്മാവനെ സാക്ഷാൽ അമ്മാവനായി കാണുന്നത്. അദ്ദേഹത്തിന്റെ കണ്ണുകൾ തിളങ്ങും. വിരളമായ ദന്തങ്ങളിൽ പുഞ്ചിരിപുരളും. അത് ചോരച്ചുണ്ടിലേക്ക് ഒലിച്ചിറങ്ങി അരുണാഭമാകും. കൈത്തണ്ടകളിൽ രോമരാജി എഴുന്നേറ്റുനിൽക്കും. പെണ്ണ് പിടഞ്ഞു കമിഴ്ന്നു കിടന്നാൽ ആ വിരാടസ്യാലൻ പണിപ്പെട്ടു കൈവലിച്ചൂരും.

വേറൊരു ദിവസം മറ്റൊരു ബന്ധുഗൃഹത്തിൽ അദ്ദേഹമെത്തിയപ്പോൾ അവിടത്തെ ചെറുപ്പക്കാരി കല്യാണിക്കുട്ടിക്കു കാലുകഴപ്പ്. വേലക്കാരി അവളുടെ കാലുതിരുമ്മുന്നത് അമ്മാമൻ കണ്ടു. “നീ അങ്ങോട്ടെണീക്കെടീ, ഞാൻ തിരുമ്മിക്കൊടുക്കാം” എന്നു പറഞ്ഞുകൊണ്ട് കല്യാണിക്കുട്ടി പ്രതിഷേധിക്കുന്നതിനു മുൻപ് ആ പാടച്ചരകീടൻ ചാടി അവളുടെ കാൽവണ്ണയിൽ ഒരുപിടി. കൈ പെട്ടന്നു മേലോട്ടു മേലോട്ട് ഉയർന്നപ്പോൾ പെണ്ണു ചാടിയെഴുന്നേറ്റു. എങ്കിലും എന്തൊരു സന്തോഷം അമ്മാവന്! ഇങ്ങനെയുള്ള സന്ദർഭങ്ങളിലാണ് ഞാൻ സാക്ഷാൽ അമ്മാവനെ കണ്ടിട്ടുള്ളത്.

ചില സാഹിത്യകാരന്മാർ ഈ മനുഷ്യനെപ്പോലെയാണെന്നു പറഞ്ഞാൽ അത് ‘ഫാർഫെച്ച്ഡായ — വലിച്ചിഴച്ചു കൊണ്ടുവരുന്ന — അലങ്കാരപ്രയോഗമാണെന്നു വായനക്കാർ കരുതുമോ എന്തോ? ‘രക്തപുഷ്പങ്ങ’ളും ‘സ്വരരാഗസുധ’യും മറ്റും എഴുതിയ ചങ്ങമ്പുഴ സാക്ഷാൽ ചങ്ങമ്പുഴ. ‘കളിത്തോഴി’ എന്ന നോവലെഴുതിയ ആ കവി ചാരുകസേരയിൽ മലർന്നുകിടന്ന ‘കോപം’. ‘ധർമ്മരാജാ’യും ‘രാമരാജബഹദൂ’റും എഴുതിയ സി.വി. രാമൻ പിള്ള സാക്ഷാൽ സി.വി. അദ്ദേഹം പനി തൊട്ടുനോക്കുന്നു. ‘പ്രേമാമൃത’ മെഴുതിയ സി.വി.യോ? നിരായാസാവിസ്തരത്തിൽ (easy chair) ശയനം കൊണ്ട ദേഷ്യം. എന്നാൽ ചില പ്രതിഭാശാലികളുണ്ട്. അവർ ഏതിലും സ്വന്തം രൂപം കാണിക്കും. രവീന്ദ്രനാഥ ടാഗോർ, അദ്ദേഹം നോവലിസ്റ്റാണ്, ചെറുകഥാകൃത്താണ്, മഹാകവിയാണ്, പ്രഭാഷകനാണ്, നാടകകാരനാണ്, എല്ലാമാണ്. നമുക്ക് അദ്ദേഹത്തെപ്പോലൊരു സാഹിത്യകാരനുണ്ടോ?

* * *
സാഹിത്യകാരന്മാരുടെ ശക്തി, അവരുടെ വാക്കുകൾക്കുള്ള ശക്തി, അവർ സൃഷ്ടിക്കുന്ന കഥാപാത്രങ്ങൾക്കുള്ള ശക്തി ഇവയൊക്കെ ഞാൻ പറഞ്ഞിട്ടുവേണ്ട വായനക്കാർക്കു മനസ്സിലാക്കാൻ. യൂഗോയുടെ ‘പാവങ്ങൾ’ എന്ന നോവലിലെ മെത്രാനുണ്ടല്ലോ അദ്ദേഹം എന്നിൽ ചെലുത്തുന്ന സ്വാധീനശക്തി മഹാത്മാഗാന്ധി ചെലുത്തുന്ന സ്വാധീനശക്തിയെക്കാൾ മഹനീയമാണ്. യുധിഷ്ഠിരന് ഗാന്ധിജിയെക്കാൾ ഭാരതീയരിൽ പ്രഭവമുണ്ടെന്ന് പറഞ്ഞത് രാജഗോപാലാചാരിയല്ലേ? അൽബേർ കമ്യുവിന്റെ ഗ്രന്ഥങ്ങൾ വീണ്ടും വായിച്ചപ്പോൾ ഈ വാക്യം എന്റെ ശ്രദ്ധയിൽപെട്ടു: ‘Tyrants conduct monologues above a million solitudes’ എന്തൊരു ഉജ്ജ്വലമായ വാക്യം!

#mkrishnannair

“Where words fail, music speaks.”
― Hans Christian Andersen
Manzoor Ahamed Offline
Post: #20 
Mon Jun 15 11:07 pm
Quote this message in a reply
Administrator

Posts: 5,660
Joined: May 2009
*******

നിമിഷസത്യങ്ങള്‍
നിത്യജീവിതത്തില്‍ ആരോ കളഞ്ഞ കറന്‍സിനോട്ട് നമുക്കു കിട്ടിയെന്നു വിചാരിച്ചു കലയുടെ ലോകത്തും അതാകാന്‍ പാടില്ല. ആകാമെന്നു തോന്നണമെങ്കില്‍ കഥാസന്ദര്‍ഭത്തെ ആ രീതിയില്‍ ചിത്രീകരിക്കണം.
“”
നേരിയ നിലാവില്‍ നീങ്ങുന്ന മേഘത്തുണ്ടുകള്‍. അവ അല്പമകന്നുകഴിഞ്ഞാല്‍ സൌന്ദര്യം ഇല്ലാതാവുന്നു. നിശാഗന്ധി വിരിയാന്‍ തുടങ്ങുകയാണ് എന്റെ വീട്ടുമുറ്റത്ത്. വിടര്‍ന്നാല്‍ എന്തൊരു ഭംഗി. പക്ഷേ, എത്ര മണിക്കൂര്‍ നേരമാണ് ഈ രാമണീയകം നിൽക്കുക? നിശാശലഭം പനിനീര്‍ച്ചെടിയിലെ ഒരിലയില്‍ വന്നിരുന്നിട്ട് പറന്നകലുന്നു. ഇവയെല്ലാം — മേഘവും നിശാഗന്ധിയും നിശാശലഭവും — താല്‍കാലികസത്യങ്ങളാണ് കവി തകഴി ശങ്കര നാരായണന്റെ ഭാഷയില്‍ പറഞ്ഞാല്‍ ‘നിമിഷസത്യങ്ങ’ളാണ്. ഈ നിമിഷസത്യങ്ങളെക്കുറിച്ചു പാടിയ കവിയാണ് ചങ്ങമ്പുഴ. ചങ്ങമ്പുഴക്കവിതയുടെ സാരാംശത്തിലേക്കു അന്തര്‍ദൃഷ്ടി വ്യാപരിച്ച് ശ്രീ. ശങ്കരനാരായണന്‍ പാടുന്നു:

നിമിഷസത്യങ്ങള്‍ക്കു
നിറമാരിവില്ലിന്റെ
രുചിയേറ്റി മാങ്മയം തത്തി
ധനുമാസ ചന്ദ്രികയി
ലേഴിലംപാലയുടെ
ധവള സുമസൗരഭ്യമുറി.
അസ്ഥിയുടെ പൂക്കളായ്
വാക്കുവിരിയുന്നൊരാ
ശക്തി സൗന്ദര്യ പ്രവാഹം.
ചങ്ങമ്പുഴക്കവിതയ്ക്കുള്ള ശക്തിയും സൌന്ദര്യവും അവയെ പ്രകീര്‍ത്തിക്കുന്ന ഈ കാവ്യത്തിനുമുണ്ട്. സില്‍വിയ പ്ലാത്തിന്റെ ഒരു കാവ്യമാരംഭിക്കുന്നത് ഇങ്ങനെയാണ്:

If the moon smiled, she would resemble you
You leave the same impression
Of something beautiful, but annihilating
Both of you are great light borrowers
Her O-mouth grieves at the world. Yours is unaffected.
ചങ്ങമ്പുഴയും മാറ്റൊലിക്കവികളും ഒരുപോലെ. രണ്ടു കൂട്ടരും പ്രകാശം കടംവാങ്ങുന്നുവെന്നു പ്ലാത്ത് പറഞ്ഞത് ചങ്ങമ്പുഴയ്ക്കു ചേരില്ല. അദ്ദേഹം പ്രകാശം തന്നെയാണ്. ആ കവി ലോകത്തെ നോക്കി വിഷാദിച്ചു. മാറ്റൊലിക്കവികള്‍ക്കു ഭാവവ്യത്യാസമേയില്ല. വിഷാദമഗ്നമാണെങ്കിലും തകഴി ശങ്കരനാരായണന്‍ പറയുന്നതു പോലെ അതു ഇടിനാദവുമായിരുന്നു.

യുഗസംക്രമത്തിന്റെ
കവിയായ് പൊലിഞ്ഞ നിന്‍
തുടികൊള്ളുമസ്ഥിമാടത്തില്‍
തിലബിന്ദുവാലല്ല
ഹൃദയരക്തത്തിനാല്‍
ബലിനൽകുവാന്‍ ഞങ്ങളെത്തി
ഇടറാത്തൊരായുഗ
സ്പന്ദങ്ങളോരോന്നു
മിടിനാദമായ് ഞങ്ങള്‍ കേള്‍ക്കെ
പിടയുമാത്മാവുകള്‍
പുത്തന്‍ പ്രതീക്ഷതന്‍
തുടിമുഴക്കങ്ങളായ് മാറി.
ചങ്ങമ്പുഴയുടെ കാവ്യഗ്രന്ഥങ്ങളുടെ പേരുകള്‍ പറയാതെ അവയുടെ ചൈതന്യത്തെ കണ്ടറിഞ്ഞ് സ്വന്തം ഭാഷയില്‍ ആവിഷ്ക്കരിക്കുന്ന തകഴി ശങ്കരനാരായണന്റെ ഈ കാവ്യം സുന്ദരമാണ്.

#mkrishnannair

“Where words fail, music speaks.”
― Hans Christian Andersen
Manzoor Ahamed Offline
Post: #21 
Mon Jun 15 11:08 pm
Quote this message in a reply
Administrator

Posts: 5,660
Joined: May 2009
*******

മേല്‍ പറഞ്ഞ തകഴി ശങ്കര നാരായണന്‍ എന്റെ മലയാളം അദ്ധ്യാപകന്‍ ആണ് . അദേഹം തകഴിയുടെ മരുമകനും ആണ്

“Where words fail, music speaks.”
― Hans Christian Andersen
Post Reply